2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

അറുപതുകളിലെ ഒരോണം 


" അമ്മാ ......അമ്മാ ......ഇന്ന് ചോറ് വെക്കോമ്മാ ..."
കുഞ്ഞുട്ടൻ കിടക്കപ്പായിൽ നിന്നും എഴുനേറ്റു വന്നയുടൻ  വടക്കേ പുറത്തെ മിറ്റത്ത്  ചവറിട്ടു  കഞ്ഞി കലത്തിന് കത്തിക്കുകയായിരുന്ന അവന്റെ അമ്മ യെശോധയോട്  ചോദിച്ചു.
ചവറു ശരിക്കും കത്താത്തതിനാൽ അവിടമാകെ നീല പുകയിൽ ചുമച്ചു നില്ക്കുകയായിരുന്ന യെശോധ അടുപ്പിലെ കലത്തിൽ നിന്നും അരി വേവ് നോക്കികൊണ്ട്‌ പറഞ്ഞു
" ഇന്നെന്റെ കുട്ടിക്ക് ചോറ് വെച്ച്  തരാട്ടോ ..."
കുഞ്ഞുട്ടൻ എത്ര ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നെന്നോ .....
അത്തമൊന്നു വന്നടുക്കാൻ ....
എന്നും കഞ്ഞി കുടിച്ചു അവനു മതിയായി....
അത്തം വന്നാൽ പിന്നേ അമ്മ എന്നും ചോറ് വെക്കും ..
അമ്മ നേരം പുലരുമ്പോഴേക്കും മിറ്റത്ത്  ചാണകം വട്ടത്തിൽ മെഴുകിയിടും കുഞ്ഞുട്ടന് പൂവിടാൻ ....
കുഞ്ഞുട്ടനും ഗോപിയും കല്യാണിയുമാണ്‌ കൂട്ട് ...
മാഷിന്റെ വളപ്പിലും തോമാസുമാപ്ലയുടെ പറമ്പിലും ഒക്കെ ഓടി നടന്നു കിട്ടുന്ന പൂക്കൾ പങ്കു വെച്ച് പൂക്കളമിടും ...
ചാണകം മെഴുകിയ കുടിലുകളുടെ മിറ്റത്ത്‌ രണ്ടും മൂന്നും വർണ്ണങ്ങളിൽ ഉള്ള പൂക്കളങ്ങൾ........
 അവർ മാറി മാറി നോക്കി നില്ക്കും ...
എപ്പോളും കല്യാണിയുടെ പൂക്കളത്തിനാണ് അഴക്‌ കൂടുതൽ ഉണ്ടാകുക ...
കാശിതുമ്പയും മുക്കുത്തിയും മാങ്ങനാരിയും മാത്രമാണ് ഉണ്ടാകുക ...
യെശോധക്ക് പാടത്തു പണിയാണ് ........
കുഞ്ഞനന്തൻ തമ്പ്രാന്റെ എണ്ണിയാൽ ഒതുങ്ങാത്ത നെൽപ്പാടങ്ങൾ ......
കൊയ്താലും കൊയ്താലും കഴിയാത്തവയാണ് .
അത്തം കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തമ്പ്രാൻ പനിക്കാര്ക്കെല്ലാം നെല്ല് അളന്നു കൊടുക്കും
പച്ചക്കറി ഇനങ്ങളും എള്ളാട്ടിയ എണ്ണയും കൊടുക്കാറുണ്ട് ..
ഇതെല്ലാം കിട്ടിയിട്ട് വേണം പണിക്കാര്ക്കുള്ള ഓണ സാധനങ്ങൾ വാങ്ങിക്കാനും ഒരുക്കാനും .......
കുമാരമേനോന്റെ പലചരക്കു കടയിൽ യെശോധക്കൊരു പതികുറിയുണ്ട് ......
നാലണ വീതം ദെവസം വെക്കും ...
പൂരാടതിന്നാളാണ്  അത് വെട്ടി എഴുതുന്ന ദെവസം ........
ചട്ടീം കലോം കുഞ്ഞുട്ടനുള്ള ഉടുപ്പും തോർതുമുണ്ടും എല്ലാം ഒരു വിധം വാങ്ങിയെന്ന് വരുത്തും ...
കഴുത്ത് നീണ്ട കുപ്പിയിൽ മുക്കാൽ ഭാഗത്തോളം മണ്ണെണ്ണ വാങ്ങും ...
മൂന്നോണം വരെയെങ്കിലും കത്തിക്കണ്ടേ .......
യെശോധ കുപ്പി ചിമ്മിനിയിൽ വെള്ളോം മണ്ണെണ്ണയും കൂട്ടി ഒഴിച്ചാണ് കത്തിക്കുക ...
അപ്പൊ തിരി നീളം കുറചിട്ടാൽ മതി ......
കുടിലിനു മുന്നിലെ പട്ടിലു വേലി ഇത്തവണ കെട്ടാൻ പറ്റിയില്ല ......മുള്ള് കിട്ടീല്ല്യ ....സാരല്യ ...
ഇക്കൊല്ലം അങ്ങനങ്ങട് പോട്ടെ ...........
മുന്നിലെ തിണ്ണയും നെലവും ബാറ്ററി കരി പൊടിച്ചു മെഴുകാം ........നല്ല കറുപ്പ് കിട്ടും .....
തമ്പ്രാന്റെ മോള്ടെ കുട്ടി തന്ന കേടായ ബാറ്ററി യെശോധ പൊന്നുപോലെ എടുത്തു വെച്ചിട്ടുണ്ട് ..ഓണത്തിന് ചാണകം മെഴുകാൻ .......
കുഞ്ഞുട്ടന് എന്തായാലും പത്തീസം ഇല്ലെങ്കിലും അഞ്ചീസെങ്കിലും കഞ്ഞി വാര്ത് കൊടുക്കണം ...
ചോറ്ന്ന് പറയുംബഴേക്കും കുഞ്ഞുട്ടന്റെ മുഖം സന്തോഷം കൊണ്ട് നിറയുന്നത് യെശോധ ശ്രദ്ധിക്കാറുണ്ട് ........
കുഞ്ഞുട്ടനെ കോട്ടായിയിൽ കൊണ്ടുപോയി ഒരു സിനിമ കാണിചു കൊടുക്കണം നുണ്ട് ....കൊട്ടകേൽ പടം ഓടിക്കണ മമ്മദ്കാക്ക  പറഞ്ഞത് ശ്രീകൃഷ്ണഭഗവാന്റെ പടാത്രേ ഓണത്തിന് ..
കല്യാണം  കഴിഞ്ഞ്‌  ഒരു ദിവസം കുഞ്ഞുട്ടന്റെ അച്ഛന്റെ കൂടെ കൊട്ടകേൽ പോയിട്ടുണ്ട് ......
പിന്നിതുവരെ പോയിട്ടില്ല ........
കണാരേട്ടന്റെ വീട്ടില് ചോതി കഴിഞ്ഞാ പിന്നെ കൈകൊട്ടിക്കളി പതിവാ...
ചിലപ്പോ കളിച്ചു കളിച്ചു രാത്രി എട്ടു മണി വരെയൊക്കെ നീളും ...
 യെശോധക്ക്  അവരുടെ കൂടെ കളിക്കണം ന്നുണ്ട് ...പക്ഷെ കളിക്കാറില്ല ...
കുഞ്ഞുട്ടന്റെ അച്ഛൻ മരിച്ചേ പിന്നെ ........അങ്ങിനെ ഒന്നിലും വല്യ താല്പര്യല്ല്യ ..
കുഞ്ഞുട്ടന്റെ സന്തോഷം... അതാണിപ്പോ യെശോധേടെ സന്തോഷം ......
കഴിഞ്ഞ കൊല്ലം  ഓണസമയത്ത് കൈക്കൊട്ടികളി കളിചോണ്ടിരുന്നപ്പോഴാണ് ചാത്തു കൊല്ലന്റെ പിൻ  വശത്തെ പട്ടിലു  കൂട്ടം പേടിപ്പിച്ചത്‌ ......
ചൊടല ഇറങ്ങി എന്ന് പറഞ്ഞിട്ട് ആ കൊല്ലത്തെ ഓണത്തിന് ആരും പിന്നെ കൈക്കൊട്ടികളി കളിച്ചില്ല .......
ചെലെ തല തെറിച്ച പിള്ളാര് ചരൽ വാരി പട്ടിലു കൂട്ടത്തിലേക്ക് എറിഞ്ഞതാന്നു ഓണം കഴിഞ്ഞ ശേഷമാണു അറിഞ്ഞത് ........
ഇപ്രാവശ്യം എന്താകാവോ ...?
കുഞ്ഞുട്ടന്റെ അച്ഛൻ മരിച്ചിട്ട്  ആറു കൊല്ലം കഴിഞ്ഞിരിക്കുന്നു
കുഞ്ഞുട്ടന് ഇപ്പൊ പതിനൊന്നു വയസ്സായി ...
വീടിന്റെ  പിൻവശത്ത് നില്ക്കുന്ന പാളെംകൊടൻ എന്തായാലും പൂരാടത്തിന്  പഴുക്കും ..
കുഞ്ഞുട്ടൻ  എന്നും കാലത്ത് എണീറ്റ ഉടനെ നോക്കും...
കിളി വല്ലതും കൊതുന്നുണ്ടോ എന്ന്..
പഴുത്താൽ കേമായി .....
ഗോപിക്കും കല്യാണിക്കും ഒക്കെ കൊടുക്കണം ........
കുമാരമെനൊന്റെ കടയിൽ കാലത്ത് പോയി നില്ക്കാൻ തുടങ്ങിയതാ
എല്ലാവരും വട്ടെത്തിയ കുറി വാങ്ങാനുള്ള തിരക്കിലാണ്
യെശോധക്ക് കിട്ടിയപ്പോൾ ഉച്ച കഴിഞ്ഞു ..
ചന്തക്കുള്ളിൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത വിധത്തിൽ .....
വാങ്ങാൻ വന്നവരുടെയും വിലക്കാൻ വന്നവരുടെയും തിരക്ക് തന്നെ .....
കുഞ്ഞുട്ടൻ ഒന്നും അമ്മയോട് ആവശ്യപെട്ടില്ല ......
അവനറിയാം അമ്മയുടെ വിഷമം .......
യെശോധയുടെ മുണ്ടിന്റെ കോന്തലയും പിടിച്ചു കുഞ്ഞുട്ടൻ  നടക്കുന്നത് കണ്ടപ്പോൾ യെശോധക്ക് വിഷമം തോന്നി....
അമ്മ കുപ്പായം വാങ്ങി തരുമെന്ന് കുഞ്ഞുട്ടനറിയാം ......
യെശോധ നല്ലൊരു ചുവന്ന കുപ്പായം തന്നെ കുഞ്ഞുട്ടന് വാങ്ങി ..വിചാരിച്ചതിലും കുറച്ചു വില കൂടിയെങ്കിലും യെശോധക്ക് അതിൽ ഒരു വിഷമോം തോന്നിയില്ല ....
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്ത് വാങ്ങി കൊടുത്താലും അധികമാവില്ല എന്ന് യെശോധക്ക് തോന്നി ..
ഉത്രാട ദിവസം രാവിലെ തന്നെ മുന്നിലെ നെലവും തിണ്ണയും കരി കൂടുതൽ ചേർത്ത് ചാണകം മെഴുകിയപ്പോൾ നല്ല അഴക്‌ കൈവന്നപോലെ തോന്നി .......
 ചെമ്പരത്തി ഇലയുടെ കൊഴുപ്പ് ചേർത്ത് അരിമാവ് കലക്കി അണിഞാലത്തെ ഭംഗി യെശോധ മുന്കൂട്ടി കണ്ടു നോക്കി.
ബാക്കി വന്ന ചാണകവെള്ളം ഉമ്മറത്ത്‌ തളിച്ച് മുറ്റം ശുദ്ധി വരുത്തി.
സുര്യൻ തലയ്ക്കു മുകളിൽ വന്നപ്പോഴേക്കും യെശോധ പണികളെല്ലാം തീർത്തു കഴിഞ്ഞിരുന്നു
ഇനി തീപ്പൂട്ടണം ......
പുളിഞ്ചി കുഞ്ഞുട്ടന് നല്ല ഇഷ്ട്ടാ ........
ഓണം കഴിഞ്ഞാലും പിന്നീം പത്തീസതോളം ഇരിക്കും ...
യെശോധ ഇടയ്ക്കിടെ കുഞ്ഞൂട്ടന് ഓരോന്നോരോന്നു കഴിക്കാനായി കൊടുത്തു കൊണ്ടിരുന്നു .
ഈ ദിവസങ്ങളിലെ ഇതൊക്കെ സാധിക്കു എന്നറിയാം
സന്ധ്യ വീണപ്പോഴേക്കും യെശോധ അടുക്കള പണികൾ ഒന്നൊന്നായി തീർത്തു ..
ഇനി ത്രിക്കാരപ്പനെ വെക്കണം .....
കുഞ്ഞുട്ടൻ പുതിയ തോര്തുടുത്ത്  ത്രിക്കാരപ്പനെ കുറി തൊടുവിച്ച്  അരിമാവ് അണിഞ്ഞ്  നാക്കിലയിൽ വെച്ച്  തുംപയിലകൾ ചുറ്റും തൂകി ..
പൂജ ചെയ്തു നാളികേരമുടച്ചു .....
ഉപ്പും മധുരവും ഇല്ലാത്ത പൂവ്വട ത്രിക്കാരപ്പന് മുന്നിൽ പൂജിക്കാനായി വെച്ചു .
അമ്മയും മകനും എല്ലാം മറന്നു കണ്ണടച്ച് തൊഴുക്കയ്യുമായി നിന്നു .....
യെശോധയുടെ വീഴാറായ മുള്ളുവേലി കടന്ന് ഓലക്കുടയുമായി വന്ന തമ്പുരാൻ ...............
മുറ്റത്ത്‌ നിന്നിരുന്ന, ചാണകം മണക്കുന്ന തുളസി ചെടിയിൽ നിന്നും ഒരു കൂമ്പില പറിച്ച് ...
മൌലിയിൽ ചൂടി.....
തൊഴുക്കയ്യുമായി നിന്നിരുന്ന അമ്മയുടെയും മകന്റെയും പിന്നിലുടെ ശബ്ധമുണ്ടാക്കാതെ ...........
വന്ന തമ്പുരാൻ പൂജിക്കാൻ വെച്ചിരുന്ന പൂവ്വട എടുത്ത്  ആര്ത്തിയോടെ കഴിച്ച് ..........
അവരെ അനുഗ്രഹിച്ച് തിരിഞ്ഞു നടന്നു ............
അപ്പോഴും ഇതൊന്നുമറിയാതെ യെശോധയും കുഞ്ഞുട്ടനും തങ്ങളെ തന്നെ മറന്ന്  ..............
 കണ്ണുമടച്ച് തൊഴുകൈകളുമായി തമ്പുരാന്റെ വരവിനായി പ്രാർഥിക്കുകയായിരുന്നു ......


മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌ .